Monday 18 July 2011

വായ്‌പ വേണോ വായ്‌പ!



ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സാമ്പത്തികസഹായം
ബാങ്കുകളും മറ്റു ധനകാര്യസ്‌ഥാപനങ്ങളും വഴി ലഭിക്കുമെന്ന്‌ നമുക്കറിയാം. പക്ഷേ, ഒരു വായ്‌പ എങ്ങനെ ലഭ്യമാകുമെന്നും വായ്‌പ എടുക്കുന്നതിന്റെയും തിരിച്ചടയ്‌ക്കുന്നതിന്റെയും മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും പലര്‍ക്കുമറിയില്ല. തിരിച്ചടവു മുടങ്ങുമ്പോള്‍ പലിശയിലുണ്ടാകുന്ന വര്‍ധനവും ഇതുമൂലം ഉപഭോക്‌താവ്‌ അനുഭവിക്കേണ്ടിവരുന്ന അധികനഷ്‌ടവും ശ്രദ്ധിക്കേണ്ടതാണ്‌.
 
വീടു നിര്‍മ്മിക്കാന്‍, വാഹനം വാങ്ങാന്‍, കൃഷി ആവശ്യങ്ങള്‍ക്ക്‌, വിദ്യാഭ്യാസച്ചെലവിന്‌, വ്യാപാര- വ്യവസായ ആവശ്യങ്ങള്‍ക്ക്‌, വിവാഹത്തിന്‌, ഡോക്‌ടര്‍ക്ക്‌ ക്ലിനിക്കും മറ്റും തുടങ്ങുന്നതിനായി എന്നിങ്ങനെ വ്യക്‌തിപരവും സാമൂഹികവുമായ വിവിധ ആവശ്യങ്ങള്‍ക്ക്‌ വായ്‌പകള്‍ ലഭ്യമാണ്‌. ബാങ്കിന്‌ തിരികെ ലഭ്യമാകും എന്നുറപ്പുള്ള ഏതാവശ്യത്തിനും പൊതുജനങ്ങള്‍ക്ക്‌ ലോണുകള്‍ നല്‍കുന്നതാണ്‌. ബാങ്കുവായ്‌പ ഇളവു ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു സേവനമല്ലെന്ന്‌ നമുക്ക്‌ മനസിലാക്കാം. വായ്‌പകളായി നല്‍കുന്നത്‌ പൊതുജനങ്ങളില്‍നിന്നും ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയായതിനാല്‍ അവയുടെ തിരിച്ചടവ്‌ ബാങ്കിന്‌ ഉറപ്പാക്കേണ്ടതാണ്‌. ഇതിനായി വായ്‌പ തുകയ്‌ക്ക് സെക്യൂരിറ്റി ബാങ്കിനാവശ്യപ്പെടാം.
 
''വിദ്യാഭ്യാസവായ്‌പയ്‌ക്ക് ഈടു നല്‍കേണ്ടതില്ല,'' ''വാഹന വായ്‌പയായി ദിവസം 50 രൂപ അടച്ചാല്‍ മതി'' തുടങ്ങീ വായ്‌പകളെക്കുറിച്ചുള്ള ആകര്‍ഷകമായ പരസ്യങ്ങളും വാര്‍ത്തകളും നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകാം. പരസ്യങ്ങളില്‍ വീണ്‌, സാമ്പത്തികനൊതുങ്ങാത്ത വീടും കാറും എല്ലാം നേടുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ കൂടിവരുന്നു. ബാങ്കുവായ്‌പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയുക.
 
വായ്‌പയെക്കുറിച്ചുള്ള അറിവ്‌
 
നിങ്ങള്‍ക്ക്‌ ഏതുതരം വായ്‌പയാണ്‌ വേണ്ടതെങ്കിലും അതിനെക്കുറിച്ച്‌ വ്യക്‌തമായ അറിവ്‌ ആവശ്യമാണ്‌. ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടുന്നതിനാല്‍ വിവിധ ലോണുകള്‍ ആകര്‍ഷകമായാണ്‌ അവതരിപ്പിക്കുന്നത്‌. പൊതുമേഖല, സ്വകാര്യബാങ്കുകള്‍ വിവിധ പലിശയിലായിരിക്കും വായ്‌പകള്‍ നല്‍കുക. എങ്കിലും മാനദണ്ഡങ്ങളില്‍ വലിയ വ്യത്യാസമുണ്ടാകില്ല. സ്വന്തം സാമ്പത്തികസ്‌ഥിതി, ബാധ്യതകള്‍, തിരിച്ചടവിനുള്ള സോഴ്‌സ്, വായ്‌പയ്‌ക്കുള്ള ആവശ്യം എന്നിവയെല്ലാം ബാങ്കിലെ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ചചെയ്‌തശേഷം അവരുടെ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച്‌ തീരുമാനമെടുക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഓരോ വായ്‌പയ്‌ക്കും പിന്നിലെ പലിശയുടെ കളികള്‍ ഉപഭോക്‌താവിന്‌ അറിയണമെന്നില്ല. അതിനാല്‍, വായ്‌പയെക്കുറിച്ച്‌ വ്യക്‌തമായ അറിവ്‌ നേടിയിരിക്കണം. 'മറ്റുള്ളവര്‍ ചെയ്യുന്നത്‌ കണ്ടിട്ടാണ്‌' പലരും വന്‍ സാമ്പത്തിക കടക്കെണിയിലകപ്പെടുന്നത്‌. വായ്‌പയെക്കുറിച്ച്‌ വിലയിരുത്തേണ്ട ചില കാര്യങ്ങള്‍.
 
1. വായ്‌പങ്ങളും ചട്ടങ്ങളും സൗകര്യങ്ങളും വ്യക്‌തമായി മനസിലാക്കുക.
 
2. വരുമാനത്തില്‍നിന്ന്‌ ചെലവു കഴിഞ്ഞ്‌ ലോണടയ്‌ക്കുവാന്‍ കഴിയുമോ എന്ന്‌ തീരുമാനിക്കുക.
 
3. ലോണെടുക്കുന്ന തുക വഴിമാറ്റി ചെലവഴിക്കില്ലെന്നു ദൃഢനിശ്‌ചയം എടുക്കുക.
 
4. വായ്‌പ എടുക്കേണ്ട ആവശ്യം ഇപ്പോഴുണ്ടോ? തുടങ്ങുന്ന കാര്യം പൂര്‍ത്തിയാക്കുവാന്‍ കഴിവുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
 
5. വായ്‌പയെടുത്ത്‌ വിജയം നേടിയവരുമായി (വ്യാപാരികള്‍, കര്‍ഷകര്‍) ബന്ധപ്പെടുക.
 
6. ലോണുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും നേരിട്ടു ബാങ്കുമായി ബന്ധപ്പെടുക, ഇടനിലക്കാരെ ഒഴിവാക്കുക.
 
7. തിരിച്ചടയ്‌ക്കുവാന്‍ ബാധ്യതയുള്ള സേവനമാണ്‌ വായ്‌പയെന്ന്‌ ധാരണയുണ്ടാവുക.
 
10. വായ്‌പ തിരിച്ചടയ്‌ക്കുവാനുള്ള സാമ്പത്തികഭദ്രത ഉറപ്പാക്കുക.
 
11. വായ്‌പയുമായി ബന്ധപ്പെട്ട്‌ അനാവശ്യച്ചിലവുകള്‍ പരമാവധി ഒഴിവാക്കുക.
 
12.വായ്‌പ ഉപയോഗിച്ചു നേടുന്ന സേവനം ഇന്‍ഷൂര്‍ ചെയ്യുക.
 
 
 
വിദ്യാഭ്യാസ വായ്‌പകള്‍
 
ജീവിതത്തില്‍ ഉന്നതനിലവാരത്തിലുള്ള ഒരു ജോലി എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്വപ്‌നമാണ്‌.
 അതിനായി പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നതിന്‌ അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഉയര്‍ന്ന
 ഫീസിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു ചേരുവാന്‍ സാമ്പത്തികമായി
 പിന്നാക്കാവസ്‌ഥയിലുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌. അതിനാലാണ്‌ ബാങ്കുകള്‍വഴി
 വിദ്യാഭ്യാസലോണുകള്‍ ഇവര്‍ നേടുന്നത്‌. മറ്റു വായ്‌പകള്‍ക്കുള്ള തിരിച്ചടവിന്റെ സാധ്യത
 ബാങ്കുകള്‍ ഉറപ്പുവരുത്തുമ്പോള്‍ വിദ്യാഭ്യാസവായ്‌പകള്‍ തികച്ചും വ്യത്യസ്‌തമാണ്‌. കാരണം, തിരിച്ചടയ്‌ക്കുവാന്‍ കഴിയുമെന്ന യാതൊരുറപ്പും വിദ്യാഭ്യാസലോണുകള്‍ക്ക്‌ ഇല്ല. വിദ്യാര്‍ത്ഥി കോഴ്‌സ് പൂര്‍ത്തിയാക്കുമോ? ജോലി ലഭിക്കുമോ? തുടങ്ങീ ധാരാളം റിസ്‌കുകളുമായാണ്‌ ഓരോ കുട്ടിക്കും ബാങ്കുകള്‍ വായ്‌പ നല്‍കുന്നത്‌.
 
വിവിധ ബാങ്കുകള്‍ക്ക്‌ വിദ്യാഭ്യാസലോണുകളുടെ പലിശ വ്യത്യസ്‌തമാണ്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ 'ഗ്യാന്‍ ജ്യോതി' സ്‌കീം പ്രകാരമാണ്‌ വിദ്യാഭ്യാസവായ്‌പ നല്‍കുന്നത്‌. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അടിസ്‌ഥാന, ഉന്നത, പ്രൊഫഷണല്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസം നേടുന്നതിന്‌ സാമ്പത്തികസഹായം നല്‍കുന്നതാണ്‌ ഈ സ്‌കീം. ഇതുപ്രകാരം ഇന്ത്യയിലും വിദേശത്തും പഠിക്കാവുന്നതാണ്‌.
 
പ്രൊഫഷണല്‍ കോഴ്‌സുകളുടെ ട്യൂഷന്‍ഫീസ്‌, പരീക്ഷാഫീസ്‌, ലൈബ്രറിഫീസ്‌, പാഠപുസ്‌തകങ്ങളുടെ വില, പഠനത്തിനായി കമ്പ്യൂട്ടര്‍ വാങ്ങാന്‍, വിദേശത്ത്‌ പഠിക്കുവാന്‍ യാത്രചെലവ്‌ എന്നിവയ്‌ക്കെല്ലാം വായ്‌പയില്‍ തുക നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുവാന്‍ മറ്റു ചിലവുകള്‍ ഉണ്ടാകുമ്പോള്‍ (താമസസ്‌ഥലം, പഠനയാത്രകള്‍, പ്രൊജക്‌ടുകള്‍ ഗവേഷണം) അവയ്‌ക്കും വായ്‌പയായി സാമ്പത്തികം ലഭ്യമാകും.
 
ബിരുദതലത്തില്‍ ബി.എ, ബി.കോം, ബി.എസ്സി എന്നിവയ്‌ക്കും, ബിരുദാനന്തരബിരുദതലത്തില്‍ മാസ്‌റ്റേഴ്‌സ്, പി.എച്ച്‌.ഡി. എന്‍ജിനീയറിംഗ്‌, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, വെറ്റിനറി, നിയമം ഡെന്റല്‍, മാനേജ്‌മെന്റ്‌, കമ്പ്യൂട്ടര്‍ തുടങ്ങീ പ്രൊഫഷണല്‍കോഴ്‌സുകള്‍ക്കും വായ്‌പ അനുവദിക്കും. കൂടാതെ, മറ്റു ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ക്കും ബാങ്കുകള്‍ വായ്‌പ നല്‍കുന്നുണ്ട്‌. നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടുകളുടെയും സ്വകാര്യ ഇന്‍സ്‌റ്റിറ്റ്യൂട്ടുകളുടെയും കോഴ്‌സുകള്‍ക്കും, അംഗീകാരം നേടിയ ഈവനിംഗ്‌ കോഴ്‌സുകള്‍ക്കും 'ഗാന്‍ജോ്യതി' സ്‌കീം പ്രകാരം പണം ലഭ്യമാകുന്നു. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെയും വിദേശ യൂണിവേഴ്‌സിറ്റികളുടെയും കോഴ്‌സുകള്‍ക്കും ഐ.ഐ.എം., ഐ.ഐ.ടി., ഐ.ഐ.എസ്സി, എക്‌സ്.എല്‍.ആര്‍.ഐ., എന്‍.ഐ.എഫ്‌.ടി. എന്നിവയുടെ നേതൃത്വത്തിലുള്ള കോഴ്‌സുകള്‍ക്കും ഐ.ഐ.എം., ഐ.ഐ.ടി., ഐ.ഐ.എസ്‌.സി, എക്‌സ്.എല്‍.ആര്‍.ഐ., എന്‍.ഐ.എഫ്‌.ടി. എന്നിവയുടെ നേതൃത്വത്തിലുള്ള കോഴ്‌സുകള്‍ക്കും വായ്‌പ അനുവദിക്കുന്നതാണ്‌. ഇതോടൊപ്പം വിവിധ സര്‍വ്വകലാശാലകളോടു ചേര്‍ന്നു നടത്തുന്ന കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ക്കും വായ്‌പ നല്‍കും.
 
വിദേശ പഠനത്തിനായി ബാങ്ക്‌ വായ്‌പ അനുവദിക്കുന്നത്‌ ചില നിബന്ധനകള്‍ക്കു വിധേയമാണ്‌. ബിരുദതലത്തില്‍ തൊഴില്‍പരമായ പ്രൊഫഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കാണ്‌ വായ്‌പ നല്‍കുന്നത്‌. എന്നാല്‍ അംഗീകാരം നേടിയ വിദേശ സര്‍വ്വകലാശാലകളുടെ കീഴില്‍ മാത്രമേ വായ്‌പ ലഭിച്ചശേഷം പഠിക്കുവാനാകൂ. ബിരുദാനന്തരബിരുദതലത്തില്‍ എം.സി.എ., എം.ബി.എ., എം.എസ്‌. എന്നിവയ്‌ക്കും, സി.ഐ.എം.എ.- ലണ്ടന്‍, സി.പി.എ.- യു.എസ്‌.എ. എന്നിവയുടെ നിയന്ത്രണത്തിലുള്ള വിവിധ കോഴ്‌സുകള്‍ക്കും വായ്‌പ അനുവദിക്കുന്നതാണ്‌.
 
ഭാരതീയ പൗരനായ ഏതു വിദ്യാര്‍ത്ഥിക്കും വായ്‌പ ലഭിക്കണമെന്നില്ല. കാരണം സെലക്ഷന്‍ പ്രോസസ്‌ അഥവാ പ്രവേശനപരീക്ഷയിലൂടെ അഡ്‌മിഷന്‍ ലഭിച്ച കുട്ടികള്‍ക്കു മാത്രമേ വായ്‌പ അനുവദിക്കുകയുള്ളൂ. വിദേശപഠനത്തിനാണെങ്കില്‍, വിദേശസര്‍വ്വകലാശാലയിലോ ഇന്‍സ്‌റ്റിറ്റ്യൂഷനിലോ അഡ്‌മിഷന്‍ ലഭിച്ചിരിക്കണം.
 
വിദ്യാര്‍ത്ഥിയുടെയും രക്ഷാകര്‍ത്താവിന്റെയും സംയുക്‌തമായ ഉറപ്പില്‍ മാത്രമേ വിദ്യാഭ്യാസവായ്‌പ നല്‍കുകയുള്ളൂ. എന്നാല്‍ ഏതെങ്കിലും തൊഴില്‍ ചെയ്യുന്ന വിദ്യാര്‍ത്ഥിയാണെങ്കില്‍, അവര്‍ ശരിയായ ഗ്യാരന്റ നല്‍കുകയാണെങ്കില്‍ വ്യക്‌തിപരമായി വായ്‌പ അനുവദിക്കും. എന്നാല്‍, നിയമവിധേയമായാണ്‌ ഇത്തരം വായ്‌പ നല്‍കുക.
 
ഇന്ത്യയിലെ പഠനത്തിനായി 10 ലക്ഷം രൂപാവരെയും വിദേശപഠനത്തിനായി ഏകദേശം 20 ലക്ഷം രൂപാവരെയും വായ്‌പയായി അനുവദിക്കും. 4 ലക്ഷം രൂപാവരെ യാതൊരു മാര്‍ജിനും കൂടാതെ നല്‍കുമ്പോള്‍ ഇന്ത്യയ്‌ക്കുള്ളിലെ പഠനത്തിന്‌, നാലുലക്ഷത്തില്‍ കൂടുതലാണ്‌ വായ്‌പാ തുകയെങ്കില്‍ 5% മാര്‍ജിനും വിദേശപഠനത്തിന്‌ 15% മാര്‍ജിനും ഉണ്ടാകും. വായ്‌പയുടെ പലിശനിരക്ക്‌ ഓരോ ബാങ്കുകളുടെയും പി.എല്‍.ആറിനനുസരിച്ച്‌ മാറുന്നു. ബാങ്കുകളുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ചാ ല്‍ അതതു സമയത്തെ പലിശ അറിയാം.
 
കോഴ്‌സിന്റെ കാലാവധി കഴിയുംവരെ വാര്‍ഷികപലിശയായാണ്‌ കണക്കാക്കുന്നത്‌. കോഴ്‌സു കഴിഞ്ഞ്‌ ഒരു വര്‍ഷം' അല്ലെങ്കില്‍ 'ജോലി ലഭിച്ചുകഴിഞ്ഞ്‌ ആറുമാസത്തിനുശേഷം' ഇവയില്‍ ഏതാണ്‌ ആദ്യം നടക്കുന്നത്‌ അന്നു മുതല്‍ തിരിച്ചടയ്‌ക്കാം. കൂടാതെ, കൂട്ടുപലിശയായിരിക്കും അന്നു മുതല്‍ കണക്കാക്കുക. തിരിച്ചടവു തുടങ്ങി, 5 മുതല്‍ 7 വര്‍ഷംകൊണ്ട്‌ വായ്‌പ തിരിച്ചടച്ചു തീര്‍ക്കണമെന്നും ബാങ്ക്‌ നിയമങ്ങളില്‍ പറയുന്നു. തിരിച്ചടവിന്റെ സാധ്യത നിര്‍ണയിക്കുന്നത്‌ വിദ്യാര്‍ത്ഥികളുടെ കഴിവും കോഴ്‌സിന്റെ ജോലി സാധ്യതയും വിലയിരുത്തിയതിനുശേഷമാണെങ്കില്‍ ബാങ്കുകള്‍ക്ക്‌ വായ്‌പ അനുവദിക്കുന്നതിനു സഹായകമായിരിക്കും.
 
4 ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസവായ്‌പകള്‍ക്ക്‌ സെക്യൂരിറ്റി നല്‍കേണ്ടതില്ല. ഭാവിയില്‍ അടയ്‌ക്കും എന്ന വിദ്യാര്‍ത്ഥിയുടെയോ രക്ഷകര്‍ത്താവിന്റെയോ ഉറപ്പിന്മേല്‍ മാത്രമാണ്‌ വായ്‌പ അനുവദിക്കുന്നത്‌. അതിനു മുകളിലുള്ള വായ്‌പാത്തുകകള്‍ക്ക്‌ ഈട്‌ ആവശ്യമാണ്‌. വസ്‌തു, കെട്ടിട ഉടമസ്‌ഥയുടെ രേഖകളോ സര്‍ക്കാര്‍ ഈടോ യു.ടി.ഐ എന്‍.എസ്‌.സി., കെ.വി.പി എന്നിവയുടെ ബോണ്ടുകള്‍, എല്‍.ഐ.സി. പോളിസി, സ്വര്‍ണം, ഷെയറുകള്‍ വിദ്യാര്‍ത്ഥിയുടെയോ രക്ഷാകര്‍ത്താവിന്റെയോ പേരിലുള്ള ബാങ്ക്‌ ഡെപ്പോസിറ്റ്‌, അല്ലെങ്കില്‍ വരുമാനമുള്ള മൂന്നാമതൊരാളുടെ സെക്യൂരിറ്റി എന്നിവ ഈടായി നല്‍കാം.
 
 
 
ഭവനനിര്‍മ്മാണ വായ്‌പകള്‍
 
ഒരു സ്വപ്‌നഭവനം നിര്‍മ്മിക്കുക എന്നത്‌ ഏതു വ്യക്‌തിയുടെയും ആഗ്രഹമാണ്‌. എന്നാല്‍, സാമ്പത്തികമാണ്‌ ഈ സ്വപ്‌നത്തിന്‌ തടസമാകാറുള്ളത്‌. ഇതു പരിഹരിക്കാനായാണ്‌ വിവിധ ബാങ്കുകള്‍ ആകര്‍ഷകമായ വായ്‌പാ പദ്ധതികള്‍ അവതരിപ്പിക്കുന്നത്‌. ഉദാരമായ വ്യവസ്‌ഥകളാണ്‌ ഇത്തരം ഭവനനിര്‍മാണവായ്‌പകള്‍ക്കെന്നതിനാല്‍ ഏവരും വായ്‌പയെടുത്തു വീടു നിര്‍മിക്കുവാന്‍ തയ്യാറാകുന്നു. വളരെ പെട്ടെന്ന്‌ വായ്‌പ ലഭിക്കുമെന്നതുൃം, സുതാര്യമാണെന്നതും എസ്‌.ബി.ടിയുടെ ഭവനവായ്‌പകളുടെ പ്രത്യേകതയാണ്‌.
 
പുതിയ വീടുകളുടെ നിര്‍മാണം, പഴയ വീടുകളുടെ പുതുക്കിപ്പണിയല്‍, കേടുപാടുകള്‍ തീര്‍ക്കല്‍, ഫ്‌ളാറ്റ്‌ വാങ്ങുവാന്‍, വീടു നിര്‍മാണത്തിനുള്ള സ്‌ഥലം വാങ്ങുവാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വായ്‌പ ലഭിക്കും.
 
സ്‌ഥിരമായ മാസവരുമാനമുള്ള ഏതൊരു ഇന്ത്യന്‍, വിദേശ- ഇന്ത്യന്‍ പൗരനും വായ്‌പ നല്‍കുന്നതാണ്‌. കൂടാതെ, നിശ്‌ചിത തൊഴിലില്‍ മൂന്നുവര്‍ഷത്തെയെങ്കിലും അനുഭവമുണ്ടായിരിക്കണം. കടം വാങ്ങുന്ന വ്യക്‌തിക്ക്‌ 70 വയസ്‌ ആകുന്നതിനു മുമ്പ്‌ വായ്‌പ തിരിച്ചടയ്‌ക്കുമെന്ന ഉറപ്പും ബാങ്കിന്‌ ആവശ്യമാണ്‌. പലിശനിരക്ക്‌ നിശ്‌ചിത ഇടവേളകളില്‍ മാറുമെന്നതിനാല്‍ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. 8 മുതല്‍ 13 ശതമാനംവരെ പലിശയാകാം.
 
മാസവരുമാനത്തിന്റെ 48 മുതല്‍ 60 മടങ്ങ്‌വരെയോ, വാര്‍ഷികവരുമാനത്തിന്റെ 4 മുതല്‍ 5 മടങ്ങ്‌ വരെയോ വായ്‌പ ലഭിക്കും. തിരിച്ചടവിനുള്ള സെക്യൂരിറ്റി നല്‍കുകയാണെങ്കില്‍ 3 കോടി രൂപാവരെ ഭവനനിര്‍മണവായ്‌പയായി ലഭിക്കും. പണം ഭവനനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌ ലഭ്യമാകുക. നിര്‍മാണപുരോഗതിയനുസരിച്ച്‌ 30%, 40%, 30% എന്ന രീതിയില്‍ പണം ലഭിക്കുന്നതാണ്‌. വായ്‌പ ലഭിച്ചതിനുശേഷം 2 വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മാണം പൂര്‍ത്തിയായിരിക്കണം.
 
വീടു നിര്‍മിക്കുന്ന സ്‌ഥലത്തിന്റെ ഉടമസ്‌ഥാവകാശരേഖകള്‍ സെക്യൂരിറ്റിയായി ബാങ്കിന്‌ നല്‍കേണ്ടതുണ്ടതാണ്‌. 25,000 രൂപാവരെയുള്ള വായ്‌പകള്‍ക്ക്‌ പ്രോസസിംഗ്‌ ചാര്‍ജ്‌ ഉണ്ടായിരിക്കുന്നതല്ല. 25,000 മുതല്‍ 2 ലക്ഷം രൂപാവരെയുള്ള ഭവനവായ്‌പകള്‍ക്ക്‌ 55%വും 2 ലക്ഷത്തിന്‌ മുകളില്‍ 10,000 രൂപാവരെയും ചാര്‍ജ്‌ ഈടാക്കും. ഭവനവായ്‌പയ്‌ക്ക് ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ബാങ്കുകള്‍ വാഗ്‌ദാനം ചെയ്യുന്നു. എസ്‌.ബി.ഐ. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷപ്രകാരം ഹോംലോണ്‍ എടുക്കുന്നവര്‍ക്ക്‌, വായ്‌പ എടുക്കുന്ന വ്യക്‌തി മരിക്കുകയാണെങ്കില്‍ പിന്നീട്‌ ലോണ്‍ അടയ്‌ക്കേണ്ടതില്ല. എല്ലാ നിയമനടപടികളില്‍നിന്നും ഭവനത്തെ ഒഴിവാക്കുന്നതുമാണ്‌. ഭവനവായ്‌പ എടുക്കുന്നതോടൊപ്പം എസ്‌.ബി.ഐ. ലൈഫ്‌ ഇന്‍ഷുറന്‍സില്‍ ചേരുകയും പ്രീമിയം തുക അടയ്‌ക്കുകയും ചെയ്‌താല്‍ ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും പ്രയോജനം ലഭിക്കും.
 
വായ്‌പാത്തുക പൂര്‍ണമായും ലഭിച്ചു കഴിഞ്ഞാല്‍ അടുത്തമാസം മുതല്‍ തിരിച്ചടവു തുടങ്ങാം. 25 വര്‍ഷംവരെയാണ്‌ അടച്ചുതീര്‍ക്കേണ്ട ഏറ്റവും കൂടിയ കാലാവധി. എന്നാല്‍ വ്യവസ്‌ഥകള്‍ക്കു വിധേയമായി, വായ്‌പയടയ്‌ക്കാന്‍ കാലതാമസം വരുന്തോറും പലിശ കൂടുന്നതാണ്‌. വിദേശ ഇന്ത്യാക്കാര്‍ക്ക്‌, ഏതെങ്കിലും അടുത്ത ബന്ധുവഴി അക്കൗണ്ടിലൂടെ വായ്‌പ അടയ്‌ക്കാവുന്നതാണ്‌. ആപ്ലിക്കേഷന്‍ ഫോമിനോടൊപ്പം രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ബാങ്കില്‍ സമര്‍പ്പിക്കേണ്ടതാണ്‌. വീടുകളുടെ നിര്‍മാണമാണ്‌ വായ്‌പയുടെ ആവശ്യമെങ്കില്‍ താഴെപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.
 
 
 
* പഞ്ചായത്ത്‌/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ ഡെവലപ്‌മെന്റ്‌ അതോറിറ്റി എന്നിവ അംഗീകരിച്ച സൈറ്റ്‌ പ്ലാന്‍ ഉള്‍പ്പെട്ട വീടിന്റെ പ്ലാനിന്റെ ഒരു കോപ്പി.
 
* ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ ആവശ്യമില്ലാത്ത സ്‌ഥലമാണെങ്കില്‍ ആര്‍ക്കും പരാതിയില്ലെന്നു തെളിയിക്കുന്ന 'നോ ഒബ്‌ജക്ഷന്‍' സര്‍ട്ടിഫിക്കറ്റ്‌ ബന്ധപ്പെട്ട ഭരണസ്‌ഥാപനത്തില്‍ നിന്നും നല്‍കണം.
 
* അസിസ്‌റ്റന്റ്‌ എന്‍ജിനീയറില്‍ (സിവില്‍, രജിസ്‌റ്റേര്‍ഡ്‌ ആര്‍ക്കിടെക്‌റ്റ് ചാര്‍ട്ടേഡ്‌ എന്‍ജീനിയര്‍) കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ അംഗീകാരത്തോടുകൂടിയ എസ്‌റ്റിമേറ്റ്‌.
 
* 13 വര്‍ഷത്തെ ഉടമസ്‌ഥാവകാശം തെളിയിക്കുന്ന രേഖ.
 
* നികുതിയടച്ചതിന്റെ തെളിവ്‌.
 
* സബ്രജിസ്‌ട്രാര്‍ ഓഫീസില്‍നിന്നും, ബാങ്കിന്റെ അംഗീകാരമുള്ള അഡ്വക്കേറ്റില്‍നിന്നും കഴിഞ്ഞ 15 വര്‍ഷമായി ഭവനം നിര്‍മിക്കുവാനുദ്ദേശിക്കുന്ന സ്‌ഥലത്തിനുമേല്‍ യാതൊരു തര്‍ക്കങ്ങളുമില്ലെന്നു തെളിയിക്കുന്ന രേഖ.
 
 
 
ഭവനനിര്‍മാണവായ്‌പയുടെ അതേ പലിശനിരക്കില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങുവാനും വായ്‌പ ലഭിക്കും. ഇതുപ്രകാരം ഫര്‍ണീച്ചറുകള്‍, റഫ്രജറേറ്ററുകള്‍, ഫാന്‍, എയര്‍കണ്ടീഷണര്‍, അലമാര തുടങ്ങി ഏതു ഗൃഹോപകരണവും വാങ്ങുവാന്‍ കഴിയും. വീടോ ഫ്‌ളാറ്റോ വാങ്ങുവാനായി, മറ്റു രേഖകളോടൊപ്പം, വില്‍പ്പനയുടെ എഗ്രിമെന്റിന്റെ ഒരു കോപ്പിയും ആവശ്യമാണ്‌. കൂടാതെ, ബാങ്കിന്‌ ആവശ്യമെന്നു തോന്നിയാല്‍, ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റ്‌സും കാണിക്കേണ്ടതാണ്‌.
 
ആര്‍ഭാടത്തിനേക്കാള്‍ ആവശ്യത്തിനനുസരിച്ച്‌ ഭവനം നിര്‍മിക്കുവാന്‍ വായ്‌പയെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്‌. തിരിച്ചടയ്‌ക്കുവാന്‍ ബാധ്യതയുള്ളതാണ്‌ എന്ന തിരിച്ചറിവും അത്യാവശ്യമാണ്‌. തിരിച്ചടവില്‍ കഴിവതും മുടക്കുവരുത്താതിരിക്കുവാനും വായ്‌പയെടുക്കുന്നവര്‍ ശ്രദ്ധിക്കുക. മഴയിലും വെയിലിലും സംരക്ഷണം നല്‍കി, നമ്മെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സഹായിക്കുന്ന ഒരു വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുവാന്‍ സഹായവുമായി ബാങ്കുകള്‍ നമുക്കരികില്‍ തന്നെയുണ്ട്‌.
 
 
 
വാഹനവായ്‌പ
 
''ഏതു വാഹനം വേണമെന്ന്‌ തീരുമാനിക്കൂ; അടുത്തുള്ള എസ്‌.ബി.ടി. ബ്രാഞ്ച്‌ സന്ദര്‍ശിക്കൂ.'' എസ്‌.ബി.ടിയുടെ വാഹനവായ്‌പയുടെ പരസ്യമാണിത്‌. ഇന്ന്‌, ഇന്ധനവില അടിക്കടി കൂടുകയാണെങ്കിലും സ്വന്തമായി ഒരു വാഹനം എന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇതിനായി വിവിധ ബാങ്കുകള്‍ ആകര്‍ഷകമായ പദ്ധതികളാണ്‌ വാഹനവായ്‌പകള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്നത്‌.
 
പുതിയ കാര്‍/ ജീപ്പ്‌ എന്നിവയ്‌ക്ക് 30 ലക്ഷം രൂപാവരെയും പഴയ കാറിന്‌ (2 വര്‍ഷംവരെ പഴകിയത്‌ - 4 ലക്ഷം രണ്ടു മുതല്‍ 5 വര്‍ഷം വരെ പഴകിയത്‌- 3 ലക്ഷം) മാസവരുമാനത്തിന്റെ 30 മടങ്ങുവരെയും വായ്‌പലഭിക്കും. പുതിയ കാറിന്റെ വായ്‌പാത്തുക മാക്‌സിമം 84 മാസങ്ങള്‍കൊണ്ടും പഴയത്‌ 60 മാസം കൊണ്ടും അടച്ചുതീര്‍ക്കണം. 20 ലക്ഷം രൂപാവരെ വായ്‌പകള്‍ക്ക്‌ രണ്ടുപേരുടെ പേഴ്‌സണല്‍ ഗ്യാരന്റിയും 20 ലക്ഷത്തിനു മുകളില്‍ സ്വന്തമായി വസ്‌തുവോ ബാങ്ക്‌ ബാലന്‍സോ ഉള്ളതിന്റെ രേഖയും സെക്യൂരിറ്റിയായി ആവശ്യമാണ്‌. ഇന്‍ഷുറന്‍സ്‌ പരിരക്ഷയും വാഹനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ട സഹായവും ബാങ്ക്‌ വായ്‌പയോടൊപ്പം നല്‍കുന്നതാണ്‌. ഓവര്‍ഡ്രാഫ്‌റ്റായും വാഹനവായ്‌പ ലഭിക്കുന്നതാണ്‌. ഇതുപ്രകാരം പലിശയുടെ അമിതപ്രയോഗം തടയുവാന്‍ കഴിയും.
 
വായ്‌പയെടുത്തു തവണകള്‍ മുടക്കിയാല്‍ ഉപഭോക്‌താവിന്‌ വന്‍ നഷ്‌ടമാണ്‌ ഉണ്ടാകുന്നത്‌. കൂടാതെ ജപ്‌തിയുള്‍പ്പെടെ പല നിയമനടപടികളും നേരിടേണ്ടിവരാം. കേസാവുകയാണെങ്കില്‍, 'സെക്യൂരിറ്റൈസേഷന്‍' ആക്‌ട്പ്രകാരം നിയമം കടം നല്‍കിയ സ്‌ഥാപനങ്ങള്‍ക്കൊപ്പമാണ്‌ നില്‍ക്കുന്നത്‌. 'എന്നെങ്കിലും എഴുതിത്തള്ളും' എന്ന ധാരണയില്‍ വായ്‌പ അടയ്‌ക്കാതിരിക്കുന്നതും ബാധ്യത കൂടുവാന്‍ കാരണമാകും. എന്നാല്‍ വായ്‌പ അടയ്‌ക്കാതിരിക്കാനുള്ള കാരണം ബാങ്ക്‌ മാനേജരെ സത്യസന്ധമായി ബോധിപ്പിക്കുകയാണെങ്കില്‍ തിരിച്ചടവിന്റെ കാലാവധി കൂട്ടിത്തരാന്‍ നിയമവുമുണ്ട്‌. വായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കുവാന്‍ ഉപഭോക്‌താവിന്‌ ബാധ്യതയുണ്ട്‌. ഇതിനു പകരം വായ്‌പാത്തുക വകമാറ്റി ചെലവഴിക്കുന്നതും ധൂര്‍ത്തടിക്കുന്നതും കടം വര്‍ധിക്കുന്നതിനും അതിലൂടെ മന:സമാധാനം ഇല്ലാതാകുന്നതിനും കാരണമാകാം. അതിനാല്‍, കൃത്യമായി വായ്‌പകള്‍ തിരിച്ചടയ്‌ക്കുവാന്‍ ശ്രദ്ധിക്കുക